കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label പീഡനരാമായണം ...!. Show all posts
Showing posts with label പീഡനരാമായണം ...!. Show all posts

Wednesday, 10 May 2017

പീഡനരാമായണം ...!

പീഡനരാമായണം ...!
പിഞ്ചുപൈതലെ ക്രൂരമായ് ഭോഗിച്ചു
നെഞ്ചുകൂടം തകർക്കുന്ന നേരത്തും
നിശ്ചലം മൂകസാക്ഷിയായ് ഭൂദേവി
അക്ഷമയിലും കണ്ണീരു വാർക്കുന്നു

ചോരയിൽ മുങ്ങി ചുണ്ടും കവിളുകൾ
ചോരയിറ്റിറ്റൊഴുകുന്നു മെയ്യിലും
നെഞ്ചിൻ കൂടും ഉഴുതു മറിച്ചപ്പോൾ
പിഞ്ചു പൈതലുമലറിവിളിച്ചുവോ

ചങ്കു പൊട്ടിയലർച്ചയിൽ മാനവും
അഗ്നിപർവ്വതം പോലും കിടുങ്ങിപ്പോയ്
പക്ഷികൾ വന്യജീവികളൊക്കെയും
ഞെട്ടിയെല്ലാമൊളിച്ചല്ലോ കൂട്ടിലും
ഭൂമിയെങ്ങും വിറച്ചു നടുങ്ങീട്ടും
ഭൂതലത്തിൽ മയക്കത്തിലാണു നാം

മരണവെപ്രാള ശയ്യയിൽ കൈകൂപ്പി-
തൊഴുത് കേണിട്ടലറിയിട്ടുണ്ടാവും
നിശ്ചലം മൂക സാക്ഷിയായപ്പോഴും
വിണ്ണിൽ താരകം കണ്ണീരുവർക്കുന്നു?

കീറിപ്പറിച്ചാ തുടയിൽ ചോരപ്പുഴ -
യൊഴുകിയിട്ടും കരളലിയാത്ത നാം
പിച്ച പിച്ചയായ് പാറിപ്പറക്കേണ്ട
പൈതലേ പിച്ചിപ്പൂപോലറുത്തുനാം

പൂവുപോലെ മൃദുലമാം മേനിയും
കാളിന്ദി നദി കാളകൂടം പോലായ്
പിച്ചിച്ചീന്തിയ മേനിയിൽ കൂരമ്പു-
നിർദ്ദയമായ്തറച്ച നേരത്തവൾ
അൻപിന്‍റെ ദൈവമാതാവിനെയപ്പോൾ-
രക്ഷക്കായിട്ടലറി വിളിച്ചുവോ?

തുമ്പിയെപ്പോലെ പാറിപ്പറക്കേണ്ട
തുമ്പപ്പൂവേ മെതിച്ചു കളഞ്ഞു നാം
നിശ്ചലം മൂകസാക്ഷിയായപ്പോഴും
താരകങ്ങളും കണ്ണീരു വർക്കുന്നു


താര ശോഭയിൽ മന്ത്രിമാർ പണ്ഡിത -
രേവരേം പുഷ്പമായ് വരവേൽക്കണം
ഭാഷണത്തിനു ഭോഷന്മാരെത്തുമ്പോൾ
പൂക്കളർപ്പിച്ച് വരവേല്‍ക്കണം പൈതല്‍
അമ്പലങ്ങളിൽ താലം പിടിക്കുവാൻ
ചുട്ടുപൊള്ളുന്ന ചൂടിലും നിൽക്കണം

പിഞ്ഞിക്കീറി പഴന്തുണിക്കെട്ടു പോൽ
പഞ്ഞിപോലാക്കി പൈതലിൻ ദേഹവും
അന്ധകാരത്തിന്‍ ചക്രവ്യൂഹത്തിലു-
മപ്പൊഴും മൂകസാക്ഷിയായ്താരകം

വന്ധ്യ ബാധയേൽ നീതി പീഠങ്ങളും
വന്ധ്യംകരിച്ചു നിയമശാസ്ത്രങ്ങളും
ലാസ്യഭാവത്തിലെഴുതുന്നു സാഹിതി
ദാസരായിന്നു സാഹിത്യവർഗ്ഗവും
ദാസരാകുന്നുനമ്മൾ സാഹിത്യകാർ?

അമ്മയെന്നുള്ള രണ്ടു ലോകാക്ഷരം
കണ്ണുനീരും വിധിക്കുന്നു മണ്ണിലും
ജീവനറ്റൊരു പൈതലിൻ മെയ്യിലും
നൊന്തു കരയുവാൻ പെറ്റമ്മമാത്രം
പെറ്റുകൂട്ടല്ലേ പെൺകുഞ്ഞിനെ നിങ്ങൾ
കറ്റപോലെ കശക്കിക്കളയുവാൻ
ദേവൻ തറപ്പിൽ ...!