കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Saturday, 29 August 2015

ഓണമറിയാത്തവർ..?

ഓണമറിയാത്തവർ..?
-----
ഓണമുണ്ടിട്ടുറങ്ങും നാം 
ഓർക്കണമിന്നിവരെയും ,
ഓണമുണ്ണാത്തവരേറേയും 
പാവങ്ങളുണ്ടി നാട്ടില്‍ 
കാണും വിറ്റിട്ടും നമ്മള്‍ 
ഓണമുണ്ണുമ്പോളോര്‍ക്കണം  
വീഥിയിലുണ്ടായിരങ്ങൾ 
പട്ടിണിയെന്നോർക്കണം !
ഓണമുണ്ടെത്ര കാശും നാം 
തുലയ്ക്കും നാളിലെന്നും 
ഓർക്കണം സ്നേഹിതന്മാരേ 
പട്ടിണിപ്പാവമേറെയും !!

Friday, 28 August 2015

തിരുവോണം

തിരുവോണനാളിലും കൂട്ടരേ നമ്മളും 
തിരുവാതിരക്കാലമോര്‍ക്കുന്നുമിപ്പോഴും 
കാത്തു കൊള്ളട്ടെ നന്മകൾ നിങ്ങളിൽ 
പാർത്തിടേണമെ പക്കമുള്ലോരെയും ,
നേർന്നിടുന്നല്ലോ സാഹോദര്യത്തിന്‍റെ 
പൂക്കാളായെന്നും വിരിയട്ടെയോണം !   

Thursday, 27 August 2015

മാവേലി പണ്ടെന്നോ വാണകാലം

മാവേലി പണ്ടെന്നോ വാണകാലം 

മാനുഷ്യരെല്ലാരുമൊന്നുപോലെ 

മാനവനിന്നു  ഭരിക്കും കാലം 

മാനുഷ്യരെല്ലാരുമോന്ത്‌പോലെ ,

കള്ളവുമേയുള്ളു ചതിയേയുള്ളു 

കള്ളത്തരങ്ങളെ കേൾപ്പാനുള്ളൂ 

ആമോദത്തോടെ വസിക്കുന്നില്ല  

ആപത്തുമാത്രമേ  കേൾപ്പുമെങ്ങും ,  

ബാലാമരണങ്ങൾ പീഡനങ്ങൾ 

കേൾക്കാത്ത നാളുകളൊന്നുമില്ല , 

പത്തായൊമില്ല നെല്ലുമില്ല 

പത്തരമാറ്റിൻ നിലവുമില്ല ,  

പാടങ്ങല്ലാം വരണ്ടുണങ്ങി -

പാരിലരിക്കായ് കാത്തിരിക്കും 

വിഷമുള്ള പച്ചക്കറികളെല്ലാം 

വിരുതായ്വാങ്ങും മലയാളിയും 

ദുഷ്ടരെയുള്ളിന്നു കണ്‍തുറന്നാൽ 

വക്രതയാണല്ലോ കേരനാട്ടിൽ 

ഭൂലോകമൊക്കെയും ദുഷ്ടരാണേ 

ഭൂതലമെങ്ങും വസിപ്പാനില്ല ... 

നല്ല ഭരണം കൊതിക്കും ജനം  

അല്ലലുമാത്രവും പേറിടുന്നു , 

നാരിമാർക്കിന്നു പുറത്തിറങ്ങാൻ  

ഭാരത നാട്ടിലുമാവതില്ല 

സത്യവും നീതിനിഷേധമെങ്ങും   

വ്യർത്ഥതപേറുന്ന വാഗ്ദാനങ്ങൾ , 

കള്ളമയുള്ളേ ചതിയേയുള്ളു  

എള്ളോളമില്ല കണിക പോലും.

വെള്ളിടി വെട്ടി മരിക്കും ജനം 

വെട്ടവുമില്ലാതിരുട്ടിലാണേ ,

കള്ളങ്ങൾമാത്രം പറയും മന്ത്രി   

കള്ളം പറയും ചെറുനാഴികൾ  

കള്ളത്തരങ്ങളുമേറ്റു ചൊല്ലും 

നാരദന്മാരുടെ നാടാണല്ലോ ?

മാവേലി പണ്ടെന്നോ വാണകാലം 

മാനുഷ്യരെല്ലാരുമൊന്നുപോലെ 

( ദേവൻ തറപ്പിൽ )  27/08/2015 ,

Wednesday, 26 August 2015

ബോട്ടിൽ കരിഞ്ഞ ജീവിതം !!


ബോട്ടിൽ കരിഞ്ഞ ജീവിതം !!
-----------
കണ്ണീരു തോരാത്ത നാടാണോ ഭാരതം
അശ്രുവീഴാത്ത നാളുണ്ടോ കേരളം ,
ആഘോഷമായിത്തിമർത്താടി 'ഹർഷ -
ബോട്ടിൽ പിടഞ്ഞെത്ര ജീവനിന്നു
പാടിയും ആടിയുത്തുഴഞ്ഞോരു നേരം
പാതി വഴിയിലും യാത്രയായ് പലരും
വൈപ്പിൻക്കരയിൽ ബോട്ടിൽത്തകർന്നതു
കൊമ്പുള്ള വള്ളം തകർത്തെത്ര ജീവൻ
വാവിട്ടലറിവിളിച്ചനേരത്തിൽ ജന -
മോടിയെത്തി ഗ്രമൊന്നായവിടെയും
ജീവൻ വെടിഞ്ഞല്ലോ ചേറിൽ പലരും
ജീവൻമരണപോരാട്ടവീര്യത്തിൽ ,
 വമ്പു പറഞ്ഞാലും കിട്ടുമോ ജീവിതം ,
ഇമ്പമല്ലാത്ത ചൂഴിയിലും പെട്ടവർ
നിലമറക്കുന്നു ഭരണനേതൃത്വങ്ങൾ ,
നിര്ജ്ജീവമായ മരവിച്ചജഡങ്ങളും
നിരത്തിവച്ചതും ജനം വിതുമ്പി ,
യോടിമറഞ്ഞല്ലോയീലോക ജീവിതം ....

വൈപ്പിനിൽ നിന്നു കൊച്ചി ബോട്ടു ജെട്ടിയിലെക്കു പുറപ്പെട്ട ഹർഷ എന്ന ബോട്ടിനെ മറ്റൊരു മത്സ്യ ബന്ധന ബോട്ടു ഇടിച്ചു തകർത്തു ഏതാണ്ടു എട്ടു പേർ മരിച്ചു എന്നാണ്  സ്ഥിരികരിക്കാത്ത റിപ്പോർട്ടു . അപകടത്തിൽ അഗാധമായ ദുഃഖം നേരുന്നു ..26/08/2015,   

Saturday, 22 August 2015

മറഞ്ഞു പൊൻ മിത്രം..!!

മറഞ്ഞു പൊൻ മിത്രം..!!
മന്നിൽ നിന്നും മറഞ്ഞപൊൻ മിത്രമേ -
യിന്നുഞങ്ങളിൽ നൊമ്പരം തീർത്തു നീ 
നിന്നസാന്നദ്ധ്യം സത്യമുൾക്കൊള്ലാതെ 
മുറ്റി നിൽക്കുന്നു നിന്നോർമ്മയിപ്പോഴും 

മരണമെത്തിയ നേരത്തു പോലും നീ 
മന:ശക്തി പൂണ്ടു മരണം വരിച്ചു  
ചിത്തമിന്നും തിരയുന്നു നിന്നെയും -
മിഥ്യയാണെന്നുറിഞ്ഞിട്ടു സോദരാ 

സത്യമാരിലുമുൾക്കൊള്ളനാവാതെ -
യിന്നുഞങ്ങളും നീ തീർത്ത ശയ്യയിൽ
അറ്റു നിൻസ്നേഹ ഗീതത്തിൻ വേണുവു -
മറ്റുപോയി വിളങ്ങും പ്രകാശവും ...

വിങ്ങിടുന്നല്ലോ നിന്നോർമ്മ ഞങ്ങളിൽ 
തങ്ങിടുന്നതും നൊമ്പരക്കാഴ്ചയിൽ 
സഹൃദവലയത്തിൽ അഖിലവുമെത്തി  -
ട്ടപരാനായി  കർമ്മകാണ്ഡത്തിലും 

ധന്യമായല്ലോ നിൻ ലോകവാസത്തിൽ 
ഭംഗിയായിപ്പരിമളം ചാർത്തി നീ 
യെങ്ങുപോയി നീ സോദരാ നിൻമുഖ -
മൊന്നുകാണുവാനാവുമോ,യീജന്മം ..

യാത്രയാരോടും പറയാതെ നീയും 
യാത്ര പോയല്ലോ കാണാമറയത്തും 
വിങ്ങിടുന്നെൻ ഹൃദയത്തിൻ താളുകൾ 
മുങ്ങിടുന്നല്ലോ കണ്ണീർകണങ്ങളിൽ  

മങ്ങുകില്ലെന്‍റെ സ്നേഹിത നിന്നോർമ്മ -
മന്നിലെന്നെന്നും പുല്‍കിടും ഞങ്ങളും..!!
22/08/2015 , devan tharapil..

Wednesday, 19 August 2015

ഭൂമിക്കു മേലെ..!

"ഭൂമിക്കു മേലെ"

ഭൂമിക്കു മേലെയടയായിരിക്കും കളി-
ക്കൂടുകളൊക്കെ ചിതലുരിക്കും
മരമില്ല ഭൂമിയിൽ ചില്ലയുമതിലില്ല 
ചില്ലയിലൊരുപച്ചിയിലയുമില്ല ... 

അലകടളിനാഴത്തിലലറുന്ന ഭൂമിതൻ 
തെരുവിന്‍റെ വിങ്ങൽ വിതുമ്പലായ് കേൾക്കാം 
നദിയുടെ കഴുത്തില്‍ കുരുക്കിട്ടു മുറുകി
മണലിന്‍റെ തേങ്ങല്‍ ചേറിൽ പുതഞ്ഞുവോ
കണ്ടലിൻ കാടെങ്ങും മരണം വിതച്ചു
ചെങ്കതിർ വീശിക്കിതയ്ക്കുന്നു സൂര്യൻ

ആകാശവർണ്ണത്തിൽ കാഴ്ച്ചകളുമില്ല
അലറുന്നു ഭൂമി ,വിണ്ടും വരണ്ടും
കരിഞ്ഞും പൊടിഞ്ഞും
വിതച്ചിട്ട വിത്തുകൾ
സൂര്യതാപത്തിൽ
ഉണങ്ങിക്കരിഞ്ഞും
മരണ വക്രത്തിൽ ,ഭൂമിയിന്നു ...

കൂരിരുള്‍ പകുതിയില്‍ 
കറുപ്പിൻറെ വേഴ്ച്ചയില്‍ 
കാവുകൾ ഇടറുന്നു 
തോടുകൾ മറയുന്നു
കതിരില്ല,കളമില്ല പകലോന്റെ 
വിളിയില്ല , കലപ്പകൾപാത്ത്‌
പുരാവസ്തുവാകും....
തെളിയുന്നു പൊയ്മുഖം
കരിനിഴൽ വീഴ്ത്തി
കൊല്ലും മതങ്ങൾക്കു -
തിന്നുന്ന രാഷ്ട്രിയം ,
തേങ്ങിയലറുന്നു ഭൂമിയിന്നു !

വിരിയില്ല വിണ്ണിനി ,
ചിമ്മുന്നു കണ്ണുകൾ ,
കൈവഴികൾ മൂടി ,
കൈത്തോടു കാണില്ല ,
കൈത്താങ്ങു നൽകാൻ ,
നടവരമ്പിവിടില്ല ,
കോണ്‍ഗ്രീറ്റു കഴുകർ ,
വിഴുങ്ങിത്തിമർത്തു ,
കടലിലും സൗധങ്ങൾ,
കരയിലെ പർവ്വതം
ചിറകരിഞ്ഞിട്ടല്ലോ ,
കൃഷിഭൂമിയും ......

ഭൂമിക്കു മേലെയടയായിരിക്കും
കളിക്കൂടുകളൊക്കെച്ചിതലുരിക്കും ...

കരിമഴകൾപെയ്യാത്ത ,
കബന്ധം വീഴ്ത്താത്ത ,
ധർമ്മം തകർക്കാത്ത ,
കരിപുക വിതക്കാതെ ,
വിഷവായു ചീറ്റാത്ത ,
കതിരിൽ വിഷം ചീറ്റി ,
കതിരുകളുണക്കാത്ത ,
കാട്ടു പൂഞ്ചോലയും ,
കാവും മരിക്കാത്ത ,
വയലിന്റെ നെഞ്ചിൽ ,
മണ്ണിട്ടു മൂടാത്ത 
നെൽക്കതിർ വിരിയും ,
പൂക്കളും ചെടികളും 
മഞ്ഞിൽ പുതഞ്ഞുള്ള ,
മാമലക്കാടുകൾ 
പുഞ്ചിരി പൊഴിച്ചും ,
കുസൃതികൾ കാട്ടി -
ക്കുതിച്ചിട്ടു പായും 
തോടും നദികളും 
തിരികെ വേണം ....

വയലിന്റെ നടുവിൽ 
ചിറകളും തീർത്തു ,
പകലോന്റെ കൈത്തിരിയിൽ 
ഫലമുള്ള കായകൾ 
നട്ടും വളർത്തി ,
ഭൂമിക്കു നൽകണം പുതുജീവനും ...

പ്രകൃതിയുടെ നിറമാറു
ചുരുങ്ങിച്ചുരുങ്ങി  
പൂവിടർത്താ നിന്ന്
ചെടികളുടെ നിരയില്ല

പച്ചപുതച്ചുള്ള പർവ്വതനിരയില്ല
പച്ചപ്പനന്തത്ത പാടുന്ന കേൾപ്പില്ല
കായലും തോടും നദികളും വറ്റി -
ക്കരകവിഞ്ഞൊഴുകും കാട്ടാറുമിന്നില്ല
ഭൂമിയിലെയുറവകൾ മരണം വരിച്ചു 
ചിറകരിഞ്ഞിട്ടല്ലോ കൃഷി ഭൂമിയും ....
കരണം മറിഞ്ഞും പിടക്കുന്നു ഭൂമി
നടവരമ്പത്തു കുടികയറി ഗോപുരം 
നടയിരുത്താമിനി മനുഷ്യജന്മം....
(ദേവൻ തറപ്പിൽ )

ശിലകെട്ടി നീതിപീഠം !

ശിലകെട്ടി നീതിപീഠം !
---------
കണ്ണുതുറക്കാത്ത കറുത്ത ശിലകെട്ടി
ന്യായം വില്ക്കുന്ന നീതി പീഠങ്ങൾ ,
ചോരയിൽ പോഴിയും നീർതുള്ളിയെത്രയോ
നീറിമരിക്കുന്നു തണലില്ലാതെ ,
ഇവിടെ നാമെത്ര ജീവന്റെ വിത്തുകൾ
ഇവിടെയൊടുങ്ങി മുളപ്പിച്ചതും ,
ഒരുപാടുജീവിതം കോർപ്രേറ്റുകൾക്ക്
വീതം വയ്ക്കുന്നോ നീതി പീഠം ,
മരവിച്ചമനമായി തള്ളുന്നതെത്രയോ
മാനവജീവച്ഹവങ്ങൾ ഭൂവിൽ ,
( ദേവൻ തറപ്പിൽ )
12 Likes1 C

മലയാളം !!

മലയാളം !!
=====
കേരളഭരണക്കാർ കേൾക്കുമാറാകണം
മലയാള പഠനം ഒന്നാമതാക്കണം
കോടതി ഭാഷയും മലയാളമാക്കണം 
കുന്നു നിരത്തുന്ന പതിവു നിർത്തീടണം
കായൽ നിരത്തിയാൽ കേരം മരിച്ചിടും
കേരം മരിക്കാതെ മാമരം തീർക്കണം
മാമാരമുണ്ടെങ്കിൽ മലയാളമുണ്ടല്ലോ
മലയാളം നിർബ്ബന്ധഭാഷയാക്കീടണം
( ദേവൻ തറപ്പിൽ )

Saturday, 15 August 2015

ഒരു രക്ത പുഷ്പം !!

ഒരു രക്ത പുഷ്പം  !!
കറുത്ത വാവിന്‍റെ കറുത്തനാളത്തിൽ
കഥയൊന്നും പറയാതെ പോയിനീയും
കണ്ണുനീരിലുമിനിയെന്തു ചൊല്ലുവാന്‍
മണ്‍മറഞ്ഞല്ലോ കാഴ്ചയില്‍ നിന്നു നീ
മരണമെന്നുമൊരതിഥിയായ് നമ്മളിൽ
മറഞ്ഞു നില്‍ക്കുന്നു തിരശീലപിന്നില്‍
അണയാതെമുറിയാതെ,യശ്രുകണങ്ങള്‍
നിറമങ്ങാക്കാഴ്ചയായ് നിനവിലിന്നും
നേരം വെളിച്ചം വീണിട്ടുമറിയാതെ
നേരെന്നു വിശ്വാസമാകില്ലെനിക്കന്നും
ആരറിയുന്നു നാമെന്നും മഹാനെന്ന -
ഭാവത്തിലോര്‍ത്തു വസിക്കുന്നു ഭൂവില്‍
രണ്ടുനാൾ മാത്രമല്ലോയി ഭൂജീവിതം
തണ്ടുകൊണ്ടു നടക്കുന്നു നാമെല്ലാം
വണ്ടുപോലെ പറന്നെത്തുമെവിടെയു-
മപരാനായി ഉഴിഞ്ഞല്ലോ ജീവിതം
കണ്ടു കണ്ടില്ല നീയന്നു വന്നപ്പോൾ
മിണ്ടാനാവാതെ ഞാനും കിടക്കയിൽ
എന്തു ചൊല്ലിടും ഞാനേൻ മനസ്സോടു
ചൊല്ലിടട്ടയോ  ക്ഷമയിന്നു നിന്നോടും
ഒന്നു കാണുവാൻ വന്നതുമില്ല ഞാൻ
ഒന്നു മിണ്ടാന്‍ കഴിഞ്ഞതുമില്ലല്ലോ
കുമിള പോലെയും പോട്ടുമീജന്മവും
കുതിര പോലെയും പായുന്നു മാനസം
രക്തഹാരം ഞാന്‍  നിന്നാത്മശാന്തിക്കായ്
ശതകോടിപുഷ്പദളങ്ങളുമര്‍പ്പിക്കാം....!
15/08/ 2015. ദേവൻ തറപ്പിൽ ,......

സ്വാതന്ത്ര്യം അമൃതം..!!

സ്വാതന്ത്ര്യം അമൃതം..!!
കണ്ണീരില്‍ മുങ്ങിനനഞ്ഞൊരാപത്തിലും 
തന്നുൾക്കരുത്തിലുമുൾപ്പുളകത്തോടെ 
മാരകമായിവന്ന മാർഗ്ഗവിഘ്നങ്ങളെ -
തെല്ലും ഭയക്കാതെ പിന്നിട്ടു ഭാരതം 
എന്നുമയല്പക്കദേശത്തെ സ്നേഹിച്ചു 
സൗമ്യമായ് ,ധീരമായ് മാതൃക കാട്ടിയും !
ഓരോ വിപത്തുകൾ വന്നിടും നേരത്തി -
ലൊന്നായ്‌ തടുത്തല്ലോ ഭാരത മക്കളും 
മറ്റുരാഷ്ട്രങ്ങളെ ചുറ്റിലും കൂട്ടിയും 
അൽപമില്ലിന്ത്യക്കു യുദ്ധം നടത്തുവാൻ !
ആരും നിനയ്ക്കണ്ട കൂട്ടിലാക്കീടുവാൻ 
മോഹിച്ചിടേണ്ടല്ലോ രക്തമൂറ്റിടുവാൻ !
ഒപ്പം ചെറുക്കുവാൻ തത്വശാസ്ത്രങ്ങളു -
മുണ്ടല്ലോ ശതകോടി ഭാരത മക്കളും !
അഗ്നിയും,കാറ്റും,ഇരുൾ യുദ്ധമൊന്നുമേ- 
യത്യുഗ്ര ബോംമ്പാൽ തകരില്ല ഭാരതം !
നിത്യവും,രക്ഷയായ് സത്യാഗ്ര,കർമ്മത്തിൽ 
സത്യപാതം നല്കി രാഷ്ട്രപിതാവല്ലോ ...!
സത്യം ജയിക്കാൻ പ്രതിജ്ഞചൊല്ലീടണം 
നിത്യം രുചിച്ചിടാം ഭാരത സ്വാതന്ത്ര്യം !
ദേവൻ തറപ്പിൽ / 15/ 08/2015,

Thursday, 13 August 2015

പുഞ്ചിരി

സന്ധ്യയിൽ ചെമ്പക പൂപോലധരം 
ചന്ദനത്തേരിൽ കുളിച്ചപോൾ നീ ,
മങ്ങാതിരിക്കട്ടെ നിന്നഴകെന്നും 
മായാതിരിക്കണം പുഞ്ചിരിയും !

Monday, 3 August 2015

സ്നേഹതീർത്ഥം !!

ബന്ധങ്ങളെന്നും തീർഥമാണല്ലോ 
ബന്ധിപ്പിച്ചീടും നൂൽപാലങ്ങൾ 
അനശ്വരമാകട്ടെ ആത്മബന്ധം 
അണയാതിരിക്കട്ടെ സ്നേഹതീർത്ഥം !!