കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Monday, 25 July 2016

ഓപ്പോൾ വരാത്തതന്തേ

ഓപ്പോൾ വരാത്തതന്തേ .... -------------- ഓപ്പോൾ വരാത്തതെന്തേ , ഇന്നമ്മേ ഒത്തിരി നേരായിട്ടും ....... നേരം ഇരുട്ടിയേറെ ,ഓപ്പോൾക്കു പേടിയാവില്ലേ അമ്മേ .....[ ഓപ്പോൾ] ഞാറ്റുപണിക്ക് പോയാല്‍ ,ഓപ്പോൾ എത്താനും വൈകുമുണ്ണി ....... പാതി പൊതിച്ചോറുമായ് ,ഉണ്ണിക്ക് ഓപ്പോൾ വരുന്നുണ്ടാകും .....[ഓപ്പോൾ] ഓപ്പോൾ വരും നേരായാൽ ,ഉണ്ണിക്കു ഏറെ വിശപ്പാണല്ലോ ....... ഇച്ചിരി വൈകിയാലോ ,ഉണ്ണി ഓടിനടക്കും വീട്ടിൽ .....[ഓപ്പോൾ] തോടും വയലും താണ്ടി ,ഓപ്പോൾ ഒറ്റക്കു വന്നിടുമ്പോൾ ....... അമ്മേടെ നെഞ്ചിൽ ഇടി ,കേൾക്കാം ഓപ്പോൾ വരുന്നവരേ.......[ഓപ്പോൾ] നേരം ഏറെ കഴിഞ്ഞും ,ഓപ്പോളെ കാണാഞ്ഞ നേരമപ്പോൾ ...... മണ്ണെണ്ണ നാളവുമായ് ,അമ്മയോ മുറ്റത്തു നിക്ക്യേണുണ്ടേ .......[ഓപ്പോൾ] പന്തം കൊളുത്തി ഏറെ ,നാട്ടാരും വീട്ടിൽ വരേണുണ്ടമ്മേ ..... നാലഞ്ചു പേരുകൂടി ,ഓപ്പോളേ തോളിലേറ്റി വരുന്നു ......[ഓപ്പോൾ] മുങ്ങി കുളിച്ചു ചോരേൽ ,ഓപ്പോൾ പൊട്ടി കരയുണുണ്ടോ....... ഓപ്പോടെ കണ്ണീർ കണ്ടാൽ ,ഉണ്ണീടെ ചങ്കു കലങ്ങീടും .....[ഓപ്പോൾ] ഓപ്പോളേ കണ്ടപ്പഴേ ..... അമ്മടെ ബോധം മറഞ്ഞു പോയി ...... ഒച്ചയും താഴ്ത്തി ചിലർ , അമ്മേട കാതില്‍ പറയണന്തോ.......[ഓപ്പോൾ] നാലഞ്ചു പേരു ചേർന്നു ,ഓപ്പോളേ ആക്രമിച്ചിട്ടു പോയി ....... ഒന്നും അറിയാതുണ്ണി, ,ഓപ്പോടെ കണ്ണീർ തുടച്ചിരുന്നു .......[ഓപ്പോൾ ] ദേവൻ തറപ്പിൽ

Friday, 22 July 2016

ഗൗണിട്ട ചെന്നായ്ക്കൾ......

ഗൗണിട്ട ചെന്നായ്ക്കൾ......
കറുത്തഗൗണിട്ട ചെന്നായ്ക്കൾ കോടതീൽ
കരുത്തു കാട്ടി നീതിപീഠത്തെയും
മറുത്തു ചൊല്ലാതെ നീതി ദേവിയും
ചെറുത്ത് നിൽക്കാൻ കഴിയാതെലോകര്‍

വെറുത്തു പോയിഞാന്‍ നീതിതൻ ദേവതേ
കരുത്ത് ചോർന്നോ നീതിയുടെ വാളിൻ
കാമഭ്രാന്തരെ തോളിലേറ്റിച്ചിലർ
താണ്ഡവനൃത്തമാടും കോടതീൽ

നീയമ പുസ്തതാളുകൾ പേറേണ്ട
കൈകളിലല്ലോ മദ്യമദിരാക്ഷികള്‍
താണ്ഡവ നൃത്തമാടിയ നേരത്തു
ഭീതിയോടെയിരുന്നു ജനങ്ങള്‍

ആഞ്ഞാഞ്ഞുറഞ്ഞു തുള്ളിമാടമ്പിപോൽ
രുധിരം ഒഴുക്കി രാക്ഷസരായും
പോർവിളിച്ചും ചിലരാടിത്തിമർത്തു
പോർക്കളമാക്കി ദേവിതൻ പാദം

നിയമം പഠിച്ച ഭീഷ്‌ക്കരന്മാർ നിങ്ങള്‍
നിയമം കയ്യില്‍ പന്താടി നേരം
നീതി ദേവതേ വ്യഭിചരിച്ചും ചിലർ
വിൽക്കും നീതിബോധം മഹാ....കഷ്ടം

വ്യവഹാരങ്ങള്‍ നടക്കും കോടതിൽ
നിഷ്ഠയായിട്ട് നീതി പാലിക്കുന്നോർ
പാവമാം മൊബൈലൊന്നുശബ്ദിച്ചാൽ
ക്രൂമായി വിധിക്കും ശിക്ഷനിങ്ങൾ

പാവം ജനത്തെ ഭയപ്പെടുത്തുന്നോരെ
കണ്ടില്ലേ നീതി പീഠത്തിൻ മുന്നിലെ
താണ്ഡവ നൃത്ത കോലാഹലങ്ങളും
മ്ലേച്ഛമായപദ പ്രയോഗങ്ങളും

എത്രമാന്യമായ് വസ്ത്രം ധരിച്ചവർ
ഇത്രയും താഴെ പോകുമോ ദേവിയേ
നിർഭയമില്ലാതെ നീതി പാലിക്കേണ്ട
നീതിപീഠം ശിലയിൽ മറഞ്ഞുവോ...

കൈക്കരുത്തിങ്ങു കാട്ടുവാനാണെങ്കിൽ
നിയമമെന്തിന് വാക്കിൽ പ്രഭുക്കളെ
നിങ്ങളെപോലെ ഞങ്ങളിറങ്ങിയാൽ
നാടിൻ ഭാവി എന്താകും വത്സല ...

പരിഹാരമെന്തെന്നറിയാതെ ലോകർ
പരിഹരിക്കുമെന്നോര്‍ത്തും ജനം
ഗുണ്ടായിസം കൊണ്ട് ദൈവത്തിൻ നാടിനെ
തുണ്ടമാക്കാൻ തുനിയുന്നുണ്ട് ചിലർ

നീതി പീഠമേ ചൊല്ലുക നിങ്ങളും
എന്തിനാണിന്നീ രണ്ടുതരം നീതി
ലജ്ജിക്കുന്നല്ലൊ നിങ്ങളിൻ വൈഭവം
ലജ്ജിച്ചു ഞാൻ തലകുനിച്ചീടട്ടേ

നീതിന്യായം ഭയക്കുന്നു ഞാനിന്നു
നീതിദേവതെ കാക്കുമോ ഭാരതം
സവർണ്ണവർഗ്ഗമധികാരിയാകുമ്പോൾ
സർവ്വർക്കും നീതയസ്ഥാനത്തല്ലോ

ലജ്ജകൊണ്ട് പുളഞ്ഞു പോകുന്നിന്നു
ലജ്ജിക്കുന്നെന്റെ ഭാരതാംബേ ഞാന്‍
ഭാരതത്തിന്റെ നീതി വ്യവസ്ഥകൾ
വജ്രമാണെന്നു കേട്ട യുവത്വത്തില്‍

വിസ്മയിച്ചു ഞാന്‍ ഭാരതനാടിന്‍റെ
വൈവിധ്യമേറും മഹാത്മത്തില്‍
പലമത ജാതികള്‍ വാഴിടും നാട്ടില്‍
മതനിരപേക്ഷ മര്‍മ്മമായ് വാഴും

നീതി ദേവിതൻ വാൾമുന കാട്ടിയും
ഭീരുവാക്കിടും പാവം ജനത്തെ
കോർട്ട് ലക്ഷ്യത്തിന്‍ കുന്ത മുനനീട്ടി
ഹോമിച്ചിടുന്നല്ലവകാശത്തെ

ദശകമേറെ നടക്കുന്ന കേസിലും
വശം കെടും പാവം ജനങ്ങളും
നീതിന്യായം കടന്നു ചെല്ലാതെയും
നീതിയും കനിയാതെയെത്രപേർ

നീതിതേടി വരുവാനും നിൻ മുന്നിൽ
ഭീതിയാണു പാവം ജനത്തിനും
ആക്രോശിച്ചിട്ടവനെയാകത്താക്കി
ക്രൂശിക്കുന്നു മൂഢ നീതിയിന്നു

മൂന്നാം തൃക്കണ്ണ് തച്ചുടച്ചാൽ പിന്നെ
കള്ളും പെണ്ണുമായ്‌ വാഴനെളുപ്പം
കണ്ണടച്ചിട്ടിരുട്ടാക്കും ഭ്രാന്തരെ
കാഴ്ചക്കാരല്ല ഭാരത മക്കളും

അരുതരുതെന്നു ചൊല്ലാനുമാകാതെ
പതിര് പോലായ് പാവം ജനങ്ങളും
തണ്ടുമായ് വന്ന വക്കീലിൻ മുന്നിലും
പഞ്ച പുച്ഛമടക്കി വായ് മൂടിയും

കണ്ടതാണല്ലോ നിങ്ങളിൻ ശൗര്യവും
കണ്ടുനിന്ന് രസിച്ചതുമോർക്കുന്നു
തണ്ടു കാട്ടിയവർ വന്ന നേരത്തിൽ
നീതിദേവിയുണർന്നിരുന്നെങ്കില്‍

നീതി ദൈവത്തെ പൂജിക്കാനായിട്ടു
കോടികോടി ജനങ്ങളും വന്നേനെ
കഷ്ടമെന്നല്ലാതെന്ത് പറയും ഞാൻ
നഷ്ടമാകുമോ നീതി തൻ ദേവിയെ ....?
ദേവൻ തറപ്പിൽ / 23/07/16 ,

Tuesday, 19 July 2016

ഒരു നൂറു തൈനടാം

ഒരു നൂറു തൈനടാം മനുഷ്യർക്ക് വേണ്ടി 
ഒരു നൂറു തൈനടാം പ്രകൃതിക്കു വേണ്ടി 
ഒരു നൂറു തൈനടാം നാളേയ്ക്ക് വേണ്ടി 
ഒരു നൂറു തൈനടാം പൃഥ്വിയ്ക്ക് വേണ്ടി