കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക

Wednesday, 10 May 2017

പീഡനായനം ....

പീഡനായനം ....
പിഞ്ചുകുഞ്ഞിൻ ശരീരവും ഭോഗിച്ചു
നെഞ്ചുകൂടം തകർത്തോരു നേരത്തും
നിശ്ചലം മൂകസാക്ഷിയായപ്പൊഴും
ഭൂമിദേവി കണ്ണീരു വാർക്കുന്നോ

ചോരയിൽ മുങ്ങി ചുണ്ടും കവിളുകൾ
ചോരയിറ്റിറ്റുറ്റൊഴുകുന്നു മെയ്യിലും
വസ്ത്രമെല്ലാമുരിഞ്ഞുഴുതുമറിക്കുമ്പോൾ
ചങ്കുപൊട്ടിയോ പർവ്വത സാനുവിൻ

പക്ഷികൾ വന്യജീവികളൊക്കെയും
ഞെട്ടിപൈതലിൻ രോദനം കേട്ടപ്പോൾ
ഭൂമിയും വാനമെല്ലാം  നടുങ്ങീട്ടും
ഭൂതലത്തിൽ മയക്കത്തിൽ മാനവർ !

ലാസ്യഭാവത്തിലെഴുതുന്നു സാഹിതി
ഭരണദാസരായ്,സാഹിത്യവർഗ്ഗവും
നിശ്ചലം മൂക സാക്ഷിയായപ്പോഴും
താരകങ്ങളും കണ്ണീനീർ വീഴ്ത്തിയോ

ചോരയിൽ മുങ്ങി തുടയു,മരക്കെട്ടും
ചോരവാർന്നു പുഴയായ്‌ ഒഴുകീപ്പോൾ
മരണ വെപ്രാള ശയ്യയിൽ കുഞ്ഞമോൾ
എത്രകേണു അലറിയിട്ടുണ്ടാവും

തുമ്പിയെപ്പോലെ പാറിപ്പറക്കേണ്ട
തുമ്പപ്പൂവേയറുത്തു കളയുമ്പോൾ
ആരുമില്ലേ കേൾക്കുവാൻ പൈതലിൻ
ആരുമില്ലേയവൾ രോദനം കേൾപ്പാൻ ?
നിഞ്ചലം മൂകസാക്ഷിയായപ്പോഴും
വിണ്ണിൽതാരക ശോഭയും മങ്ങിയോ?

പുഷ്പവർഷം ചൊരിഞ്ഞു വരവേൽക്കാൻ
പുഷ്പതാലമായ് താരപ്രഭൂക്കളെ..!
ചുട്ടുപൊള്ളുന്ന ചൂടിൽ പൂത്താലമായ്
നാഴികയെറെ നിൽക്കാൻ വിധിച്ചോരേ
രക്ഷിപ്പാനാരുമില്ലി ഭൂവിലും .!

പെണ്ണിനേ പെറ്റു പീഡനമേൽപ്പിക്കാൻ
പേറുവേണ്ടെന്നു ശപഥം എടുക്കണം
അന്ധകാരത്തിന്‍ ചക്രവ്യൂഹത്തിലും
അന്ധരായിട്ടുറങ്ങുന്നു നീതിയും
വന്ധ്യബാധയിൽ ഭരണവും നീതിയും
വിന്ധ്യപർവ്വമായ്,വഴിമുടക്കും നീതി

തുന്നിക്കൂട്ടിയ പൈതലിൻ ദേഹത്തിൽ
ചങ്കുപൊട്ടിക്കരയാൻ വിധിച്ച,പെറ്റമ്മയും
നിങ്ങളിൻ മജ്ജ,മാംസവും ചോരയും
പേറ്റുനീറ്റിൽ പതിരായ് കളയണോ?

അമ്മയെന്നുള്ള രണ്ടു ലോകാക്ഷരം
മാനവർക്കെന്നും സമ്മാനമാണല്ലോ
നന്മമാത്രം കൊതിക്കുന്നൊരമ്മയ്ക്കു
മന്നിലെന്നും വിധിക്കുവോ കണ്ണീർ.?
ദേവൻ തറപ്പിൽ...!

Post a Comment