കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label അമ്മയ്ക്കു തുല്യം. Show all posts
Showing posts with label അമ്മയ്ക്കു തുല്യം. Show all posts

Sunday, 10 May 2015

അമ്മയ്ക്കു തുല്യം

അമ്മയ്ക്കു തുല്യം !!
        =========
മാതൃസ്നേഹത്തിൻ മഴവില്ലുവർണ്ണത്തിൽ 
മധുരം പകർന്നു തന്നമ്മ ,
നിലാവിൻ നിഴലിൽ നിറകുടമായി 
നിനവിൽ സ്വപ്നം തന്നതമ്മ 

ബാല്യത്തിലെന്നെന്നും കൂടെനടത്തിയും 
ബാലപാഠം പറഞ്ഞമ്മ ,
എന്നെന്നുമെന്‍റെ കൈപിടിച്ചെപ്പൊഴും
കൂടേ നടത്തീതുമമ്മ ...

ആദ്യക്ഷരമെന്‍റെ നാവിൽ കുറിച്ചതും 
തീർത്ഥമായ് തന്നതുമമ്മ ,
തൊട്ടിലാട്ടീടുമ്പോൾ താരാട്ടുപാടിയും 
തൊട്ടു തലോടീതുമമ്മ ...

സ്കൂളിന്‍റെ മുറ്റത്തു നിന്നു കിണുങ്ങുമ്പോൾ 
മുട്ടായി തന്നതുമമ്മ ,
കുടുകുടെ കണ്ണീർ വീഴുന്ന കാണുമ്പോൾ 
ഉമ്മയിൽ പൊതിയുമെന്നമ്മ ...

കുടയില്ലാതിലചൂടിപോകുംന്നേരം 
കണ്ണുനീർ വാർക്കാറുണ്ടമ്മ ,
മഴയിൽ കുതിർന്നു നനഞ്ഞു വന്നീടുമ്പോൾ 
തോർത്തിത്തരുമെന്‍റെയമ്മ ...

പുത്തൻ ചെരുപ്പിനായ്‌ വാശിപിടിച്ചപ്പോൾ 
കണ്ണുനീർ തൂകിതുമമ്മ ,
കളിപ്പാട്ടം വാങ്ങനായ് വാശിപിടിച്ചപ്പോൾ 
മടിശീല തപ്പീതുമമ്മ ...

മരണക്കിണർ കാണാൻ ശുണ്ടികൂട്ടിയപ്പോൾ 
കണ്ണുനീർ വാർത്തതുമമ്മ 
വാശി പിടിച്ചു ഞാനോടി നടന്നപ്പോൾ 
തേങ്ങിയേങ്ങിക്കരഞ്ഞുമ്മ ,

മടിശീലയൊക്കെയും തപ്പിയെടുത്തിട്ടു  
ടിക്കെറ്റെടുത്തുതന്നമമ്മ ,
കാണിക്കയർപ്പിക്കാൻ കാശിനുകേണപ്പോൾ 
കാലണ തന്നതുമമ്മ ....

കൂട്ടുകാരൊക്കെയവരച്ഛന്‍റെ കൂടെയും 
കൈപിടിച്ചോടുമ്പൊളമ്മ -
നെടുവീര്‍പ്പുമിട്ടെൻ നേരെനോക്കി മുഖം 
പൊത്തിക്കരഞ്ഞതുമമ്മ ...

വീട്ടിൽത്തനിച്ചാക്കി വേലക്കു പോകുമ്പോൾ  
കണ്ണുനീർ പൂകീടുമമ്മ ,
വേലകഴിഞ്ഞോടിയെത്തിയാലാദ്യമായ്  
വാരിയെടുത്തിടുമമ്മ ...

കാലൊന്നു തട്ടിഞാൻ വീണു പോയിടുകിൽ
കരളും പിടഞ്ഞോടിയമ്മ ,
വാരിയെടുത്തെന്നെ നെഞ്ചോടു ചേർത്തിട്ടു 
നെറുകേലുമുമ്മവെച്ചമ്മ ...

ഉറങ്ങാതെ തൊട്ടിൽ കിടന്നു കളിക്കുമ്പോൾ 
തുടയില്‍താളം കൊട്ടിയമ്മ ,
കണ്ണന്‍റെ പാട്ടുകൾ പാടിയുറക്കിടും 
കരുണാർദ്രയാമെന്‍റെയമ്മ ...

വ്യാധിവരുന്നേരമുണ്ണാതുറങ്ങാതെ 
തൊട്ടു തലോടിയുമമ്മ ,
ആയസ്സു നീട്ടുവാൻ കണ്ണുനീർത്തൂകിയും 
വഴിപാടുനേരുന്നോരമ്മ ...

നന്മതൻ പാന്ഥാവുമെന്നിൽ നിറക്കുവാൻ 
മുന്നിൽ വഴികാട്ടിയമ്മ ,
നല്ല ശീലങ്ങളും നന്മയും വന്നിടാൻ 
മുത്തശിക്കഥ പറഞ്ഞമ്മ ...

മൂത്തോർ ജനത്തെ ബഹുമാനം നൽകുവാൻ 
പഞ്ചശീലോം പറഞ്ഞമ്മ ,
അന്യമായിടും സ്നേഹ,സാമൂഹ്യധര്‍മ്മങ്ങൾ 
ചൊല്ലിത്തരുമെന്നുമമ്മ ...

വല്ലതും കണ്ടു ഭയന്നു പോയിടുകിൽ 
ഉപ്പുമുളകിലും ഉഴിയുമമ്മ ,
ഭൂതപ്രേതാധികൾ ബാധയെന്നും ചൊല്ലി 
ദുർമന്ത്രവാദിയെതേടുമമ്മ ...

എത്രപറഞ്ഞാലുമെത്രദ്രോഹിച്ചാലും  
എന്നെന്നും സ്നേഹിക്കുമമ്മ ,
എന്നെന്നുമെന്‍റെ വളർച്ചക്കു തണല്‍നല്‍കി 
നിഴലായിയെന്നുമമ്മമാത്രം...

അമ്മ ചൊരിഞ്ഞിടും സ്നേഹത്തിൻ പാരിൽ 
പകരംനല്കീടുന്ന രണ്ടക്ഷരം ,
മാതൃസ്നേഹത്തിന്‍റെ മഹിമയായ് മക്കളും 
അമ്മയ്ക്കു നൽകണം  "സ്നേഹം"മാത്രം "    
ദേവൻ തറപ്പിൽ 10/05/2015,