കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ആത്മാവിൽ ഒരു ചിത. Show all posts
Showing posts with label ആത്മാവിൽ ഒരു ചിത. Show all posts

Wednesday, 14 December 2016

വയലാർ രാമവർമ്മ /ആത്മാവിൽ ഒരു ചിത 
----------
അച്ഛനുറങ്ങിക്കിടക്കുന്നു നിശ്ചലം 
നിശ്ശബ്ദത പോലുമന്നു നിശ്ശബ്ദമായ്‌ 
വന്നവർ വന്നവർ നാലുകെട്ടിൽ തങ്ങി 
നിന്നുപോയ് ഞാന്ന നിഴലുകൾ മാതിരി.

കത്തുന്നു കാറ്റിന്റെ കാണാത്ത കൈകളിൽ
എത്തിപ്പിടിക്കാൻ നിലവിളക്കിൻ തിരി.
ഇത്തിരിച്ചാണകം തേച്ച വെറും നിലത്ത്
അച്ഛനുറങ്ങാൻ കിടന്നതെന്തിങ്ങനെ?

പച്ചപ്പിലാവിലത്തൊപ്പി മെടഞ്ഞുകൊണ്ട് 
അച്ഛന്റെ ചാരത്തിരുന്നതോർക്കുന്നു ഞാൻ 
നാലു വയസ്സു തികഞ്ഞില്ലെനി,ക്കെഴു- 
ത്തോലകളെല്ലാമുരുവിട്ടു തീർത്തു ഞാൻ.
ആരുവന്നാലും കിളിപോലെ ഞാൻ ചൊല്ലും 
"ആ"മുതൽ "ക്ഷ"വരേക്കുള്ള വാർത്തകൾ 
അന്നെനിക്കൊട്ടും മനസ്സുഖമില്ലെന്റെ 
ചന്ദനപ്പമ്പരമെങ്ങോ കളഞ്ഞു പോയ്‌.!... .

വീടിന്നകത്തു കരഞ്ഞു തളർന്നമ്മ
വീണുപോയ്‌ നേരം വെളുത്ത നേരം മുതൽ 
വാരിയെടുത്തെന്നെയുമ്മ വച്ചമ്മയ- 
ന്നോരോന്നു ചൊല്ലിക്കരഞ്ഞ തോർക്കുന്നു ഞാൻ 
നൊമ്പരം കൊണ്ടു വിതുമ്പി ഞാ-നെൻ കളി-
പ്പമ്പരം കാണാതിരുന്നതു കാരണം.

വന്നവർ വന്നവരെന്നെ നോക്കിക്കൊണ്ടു
നിന്നു നെടുവീർപ്പിടുന്നതെന്തിങ്ങനെ?
ഒന്നുമെനിക്കു മനസ്സിലായില്ല,അച്ഛൻ 
ഇന്നുണരാത്തതു,മുമ്മ തരാത്തതും
ഒച്ചയുണ്ടാക്കുവാൻ പാടില്ല ഞാന്റെ
അച്ഛനുറങ്ങിയുണർന്നെണീക്കും വരെ.

പച്ചപ്പിലാവില ത്തൊപ്പിയും വച്ചുകൊണ്ട് 
അച്ഛന്റെ കണ്പീലി മെല്ലെത്തുറന്നു ഞാൻ
പെയ്തു തോരാത്ത മിഴികളുമായെന്റെ
കൈ തട്ടി മാറ്റീ പതുക്കെയെൻ മാതുലൻ
എന്നെയൊരാൾ വന്നെടുത്തു തോളത്തിട്ടു 
കൊണ്ടു പോയ്‌;കണ്ണീരയാളിലും കണ്ടു ഞാൻ.
"എന്തുകൊണ്ടാണച്ഛ,നിന്നുണരാത്തതെ"-
ന്നെന്നെയെടുത്തയാളോടു ചോദിച്ചു ഞാൻ 
"കുഞ്ഞിന്റെയച്ഛൻ മരിച്ചുപോ"യെന്നയാൾ 
നെഞ്ഞകം പിഞ്ഞിപ്പറഞ്ഞു മറുപടി.

ഏതാണ്ടപകടമാണച്ഛനെന്നോർത്തു
വേദനപ്പെട്ട ഞാനൊന്നാശ്വസിച്ചു പോയ്‌
ആലപ്പുഴയ്ക്കുപോ,-യെന്നു കേൾക്കുന്നതു
പോലൊരു തോന്നലാണുണ്ടായതപ്പോഴും 
ആലപ്പുഴയ്ക്കു പോയ്‌ വന്നാലെനിക്കച്ഛ- 
നാറഞ്ചു കൊണ്ടത്തരാറുള്ള തോർത്തു ഞാൻ 
അച്ഛൻ മരിച്ചതേയുള്ളൂ- മരിക്കുന്ന-
തത്ര കുഴപ്പമാണെന്നറിഞ്ഞില്ല ഞാൻ.

എന്നിട്ടുമെന്നിട്ടുമങ്ങേ മുറിക്കക-
തെന്തിനാണമ്മ കരയുന്നതിപ്പോഴും?
ചാരത്തു ചെന്നു ഞാൻ ചോദിച്ചിതമ്മയോ-
ടാരാണ് കൊണ്ടക്കളഞ്ഞതെൻ പമ്പരം?
കെട്ടിപ്പിടിച്ചമ്മ പൊട്ടിക്കരഞ്ഞു പോയ്‌
"കുട്ടനെയിട്ടേച്ചു പോയതെന്തിങ്ങനെ?"
അച്ഛനുണ്ടപ്പുറ-ത്തിത്തിരി മുൻപു ഞാൻ 
അച്ഛനെ ക്കണ്ടതാ- ണുത്തരം നല്കി ഞാൻ 
അമ്മ പറഞ്ഞു:"മകനേ നമുക്കിനി 
നമ്മളേയുള്ളു,നിന്നച്ഛൻ മരിച്ചു പോയ്‌....."

വെള്ളമൊഴിച്ചു കുളിപ്പിച്ചൊരാൾ,പിന്നെ
വെള്ളമുണ്ടിട്ടു പുതപ്പിച്ചിതച്ഛനെ 
താങ്ങിപ്പുറത്തേക്കെടുത്തു രണ്ടാളുകൾ 
ഞാൻ കണ്ടു നിന്നു;കരയുന്നു കാണികൾ

അമ്മ ബോധം കെട്ടു വീണുപോയ്‌ തൊട്ടടു-
ത്തങ്ങേപ്പറമ്പിൽ ചിതാഗ്നി തൻ ജ്വാലകൾ
അച്ചിതാഗ്നിക്കു വലം വച്ചു ഞാ, നെന്തി-
നച്ഛനെ തീയിൽ കിടത്തുന്നു നാട്ടുകാർ?

ഒന്നും മനസ്സിലായില്ലെനി,ക്കപ്പൊഴും 
ചന്ദനപ്പമ്പരം തേടി നടന്നു ഞാൻ 

ഇത്തിരിക്കൂടി വളർന്നു ഞാ,നാരംഗ-
മിപ്പൊഴോർക്കുമ്പോൾ നടുങ്ങുന്നു മാനസം 
എന്നന്തരാത്മാവിനുള്ളിലെ ത്തീയിൽ വച്ചി-
ന്നുമെന്നോർമ്മ ദഹിപ്പിക്കുമച്ഛനെ.