കവിതയുടെ മധുരം നുകരാൻ വീണ്ടും വീണ്ടും വരിക
Showing posts with label ഓർമ്മയിൽ ഒരു ചിത !!. Show all posts
Showing posts with label ഓർമ്മയിൽ ഒരു ചിത !!. Show all posts

Thursday, 18 September 2014

ഓർമ്മയിൽ ഒരു ചിത !!

ഓർമ്മയിൽ ഒരു ചിത !!
   -------------
ചിതറിക്കിടക്കുന്നു പ്രിയതമൻ ജഡവും
ചിക്കിപപെറുക്കിയെടുക്കുന്നു കൂട്ടുകാർ 
പുലർകാലേപ്പെരുവഴിമറികടക്കുമ്പോൾ 
പുറകിലും കാലനായ് വന്നിടിച്ചു 
ചിതറിത്തെറിച്ചെങ്ങും നടുറോഡിലും  
ചിരവിയത്തേങ്ങാപ്പീരപോലെ 
ഒക്കെ പെറുക്കിയെടുക്കുന്ന കണ്ടതു -
മൊപ്പമുള്ളോരുമലറിക്കരഞ്ഞുപോയ്‌ 
വീട്ടിന്നൊരാൾപോയ്‌ തിരികെയെത്തുംവരേ
വീട്ടിലുള്ളോർ നെഞ്ചിൽ തീയെരിയും 
കാത്തിരുന്നെന്നും പാദശബ്ദം കേൾക്കാൻ 
കാത്തിരിക്കും വഴിക്കണ്ണുമായ് 
ഇത്രയും നാൾ ഞാൻ നിനക്കായിനോറ്റതു -
മിന്നുസർവ്വം വ്യർത്ഥമായിയല്ലോ 
എന്നിട്ടുമിവിധം യെന്നോടു വിധിയും
ക്രൂരമായിട്ടെന്തു പകതീർത്തതു 
എത്ര പതിറ്റാണ്ടാതെത്ര നാളൊന്നിച്ചു -
യെത്രയോ സ്വപ്നം നെയ്തുനമ്മൾ...
ആരോരുമില്ലാതനാഥയാമെന്നെനീ -
യാരൊക്കെയോ,യാക്കി ജീവിതത്തിൽ
ഉറ്റവരൊക്കെയെതിർത്ത നേരത്തിലു -
മുറ്റവരോടും പൊരുതിനീയും..
തള്ളിപ്പുറത്താക്കി രണ്ടാളെ നമ്മളേ -
കൊട്ടിയടച്ചോരാ നേരത്തിലും
ഒന്നും മറുത്തു പറയാതെ നീയന്നു  -
മുടുവസ്ത്രവും ഡിഗ്രി,മാത്രം പേറി
എല്ലാം ത്യജിച്ച നീ സഖിയാക്കിയെന്നെ,
യെങ്ങോട്ടെന്നില്ലാതെ നമ്മൾയാത്ര .
ബന്ധങ്ങൾവിട്ടു വെറുംകൈയ്യൊടെന്റെ -
കൈയും പിടിച്ചു തെരുവിലേക്കും
ലക്ഷ്യമില്ലാതെ നടന്നു കുറച്ചുനാ -
ളെക്ഷ്യത്തിലെത്താൻ പ്രയത്നിച്ചതും 
ദുഖവും,ദുരിതവും,പട്ടിണി രോഗവു -
മെത്രയൊ നമ്മളനുഭവിച്ചൂ .
ചെറ്റക്കുടിലിൽ മയങ്ങുന്ന കാണുമ്പോ -
ളെൻനെഞ്ചു പൊട്ടി പലനാളിലും 
ഞാനൊരാളിന്നു നിമിത്തം നിൻവീട്ടി -
ലന്യനായ് തീർന്നതുമീഗതിയും
എന്നോർത്തു ഞാനെന്നും നീറിക്കഴിയുമ്പോ -
ളെത്തും സമാധാനമായിനീയും 
കാടിയും വെള്ളവുമൊക്കെ കുടിച്ചിട്ടു -
നാളുകളെത്ര നാം തള്ളിനീക്കി
രോഗങ്ങളൊക്കെയുമാക്രമിച്ചപ്പോഴും
ധീരമായ് പൊരുതി ജയിച്ചു നമ്മൾ
എന്നിട്ടുമെത്ര ചൊല്ലി ഞാൻ നിന്നോടു 
മടങ്ങണം സ്വന്തഗ്രഹത്തിലേക്കും 
എന്നുമെനിക്കൊരു പായയും,പാത്രവും,
ഉണ്ടല്ലനാഥരാം കൂട്ടരവിടെ 
അനാഥലയത്തിൽ വളർന്നോരെനിക്കു-
മനാഥത്വമെന്നും സഖിയുമല്ലോ
എന്നു ഞാൻചൊല്ലിയ നേരത്തുവാമൂടി -
ക്കൊണ്ടു നീ മാറോടണച്ചെന്നെയും  
എന്നിലുരുകിയ കാർമേഘമൊക്കെയും -
മഞ്ഞുനീർ തുള്ളിയായ്  പെയ്തിറങ്ങി 
ചുംബന പൂകൊണ്ടു മൂടിനീയെന്നെയും 
അമ്പരച്ചുംബിയായ് ഞാനുമന്നു 
അന്നു തൊട്ടിന്നോളം കണ്ണീരുവീഴുവാ -
യിന്നേവരേക്കുമിടയുമില്ല 
ചെയ്യാത്ത വേലകളൊക്കെയും ചെയ്തുനീ -
യെല്ലാമെനിക്കായിമാത്രമല്ലോ 
എല്ലാം സഹിച്ചു പരിഭവമില്ലാതെ
നേടിയതെല്ലാമിതാർക്കു വേണ്ടി  
കനലെരിഞ്ഞീടുന്ന ജ്വാലതന്നോർമ്മയി -
ക്കരളുംപിളർത്തു നീ,യെങ്ങുപോയ്  ...
എത്രപിണക്കങ്ങളെത്രകഴിഞ്ഞാലു -
മെന്നെയും വന്നൊന്നു തഴുകിടുമ്പോൾ ..
എല്ലാംമറന്നു ഞാൻ നിന്നാത്മതന്ത്രിയി -
ലൊന്നുചേർന്നപ്പോളലിഞ്ഞില്ലയോ 
എന്നിട്ടുമെന്തേ നീയെന്നോടു പറയാതെ..
യെന്നെ തനിച്ചാക്കി യാത്രയായി..!
ചിറകുവിടർത്തിപ്പറന്നു നീ വാനിലും
ചിറകുമുറിഞ്ഞു ഞാൻ മന്നിലിന്നു
കഥന ഭാരത്തിലും ഹൃദയം തുടിക്കുന്നു
കരളിന്നു കണ്ണു നീർക്കടലുമായോ.?
ഇന്നു ഞാൻ യാചിച്ചു വന്നിടാം നിങ്ങളു -
മൊന്നു കാട്ടിത്തരൂയെൻ നാഥനേ !
നെഞ്ചകം പിഞ്ഞിപ്പറിയുന്നു സോദരേ -
യെൻറെയീ ജീവിതമാർക്ക് വേണ്ടി 
അധരം വിതുമ്പുന്നു മിഴികൾ തുളുമ്പുന്ന -
യലതല്ലി ഹൃദയം തിളച്ചിടുന്നു 
സ്നേഹത്തിൻ പൂക്കൾ നിറച്ചു നീ നല്കിയു -
മോടിമറഞ്ഞല്ലോ മൃത്യുകൈയ്യിൽ...
അറിയുന്നുവല്ലോ...ഞാൻ നിന്റെ നഷ്ടം-
യടരുന്നു ഹൃദയത്തിൻ പാളിപോലും
മായ്ക്കുവാനാവാത്ത സ്നേഹത്തിൻ നൊമ്പരം
മായില മറയില്ലയെന്നിൽ നിന്നും !
തിരികെ വരില്ലനീ,യെന്നറിയാം സഖേ ,
യെങ്കിലും കാതോർക്കും പാദശബ്ദം  !
സങ്കടപ്പേമാരി പെയ്തു കറക്കുന്നു
ചന്ദ്രം മറഞ്ഞൊരാ..വിണ്ണുപോലെ.
സൂര്യോദയത്തിലും വിണ്ണും കറുത്തുവോ -
യെൻദുഃഖ ജീവിത കഥകൾ കേട്ടു .!
സിരകളിലഗ്നി നിറച്ച നിന്നോർമ്മകൾ
മധുരമാം സ്വാന്തനക്കാവ്യമല്ലോ..!
അറിയുന്നു തീവ്രമാം മൗനവിഷാദങ്ങ -
ളറിയുന്നു നീ തന്ന സ്വപ്നങ്ങളും ...
ഇനിയെനിക്കാവുമോ നിന്നേ മറക്കുവാ-
നിനിയൊരു ജന്മം കഴിഞ്ഞിടിലും 
പാതി വിടർന്നോരെൻ പ്രണയ മുത്തേ
പറയാതെയെന്തേ നീ യാത്രയായ് ,!
ആരോടും പറയാതെ കാത്തു സൂക്ഷിച്ചിടാ -
നിന്മധുര സംഗീത ചുംബനങ്ങൾ..
മറക്കുവാനാവില്ലയീജന്മസാഫല്യം 
മായ്ക്കുവാനാവുമോ,നിന്നോർമ്മകൾ...
എത്രശിശിരം,വസന്തം കഴിഞ്ഞാലു -
മെത്രദശകം കഴിഞ്ഞീടിലും .
പെയ്തു തീരാത്തൊരു പേമാരിയായ് നീ
പെയ്തീടുമെന്നുമെന്നാത്മതന്ത്രീൽ.!
ആത്മവിന്നൊമ്പര തീർത്ഥക്കുളത്തിലു -
മൊഴുകും കണ്ണീർ കടലുതീർത്തു .!
തേങ്ങലൊതുക്കുവാനാവില്ലെനിക്കിന്നും,
തേങ്ങിപ്പറിയുന്നു ഹൃദയതന്ത്രീം..
നോവിന്റെ തിരകളുമലയടിച്ചുയരുന്നു
ഗോപുരം പോലെൻ ഹൃദയത്തിലും..
വാടാത്ത പുഷ്പമായ് സ്നേഹത്തിന്തോണി-
ചൂടാതെ വെയ്ക്കാം നിനക്കുമാത്രം 
കണ്ണുംക്കൊതിക്കുന്നു ദർശനത്തിന്നായി  
കണ്ണനായെങ്കിലും വന്നീടുമോ..!
വ്യർത്ഥമാണല്ലോയീ,ജീവിതം ഭൂമിയി -
ലഴുകിയ തീർഥക്കുളങ്ങൾ പോലെ...
ചോരകിനിഞ്ഞിട്ടാപട്ടടയെങ്കിലു -
മൊരുനോക്കു കാണാനുമായതില്ല 
അസ്തമിച്ചല്ലൊ,ചുവപ്പിലും സൂര്യന -
യസ്തമിച്ചീടുകിൽ ഹൃദയശബ്ദം ..!
നിന്നെപ്പിരിയുവാൻ വയ്യില്ലെനിക്കിന്നു
ഞാൻ വന്നിടട്ടയോ നിന്റെകൂടേ ..?
തമസ്സിന്റ തേർവാഴ്ച മൃത്യുവായ് വന്നപ്പോൾ 
തകർന്നതെൻ ജീവിത സ്വപ്നമെല്ലാം  
തകർന്നതെൻ ജീവിത സ്വപ്നമെല്ലാം !!

ദേവൻ തറപ്പിൽ ,06/09/2014,